51 തവണ കുത്തി.. ഐബി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളി; മുൻ ആംആദ്മി എംഎൽഎ…

2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ താഹിർ ഹുസൈനും മറ്റ് നാല് പേരും കുറ്റക്കാരാണെന്ന് ഡൽഹി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഫെബ്രുവരി 26-നാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ (26) മൃതദേഹം ഓടയിൽ നിന്നാണ് കണ്ടെത്തിയത്. ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നീ മറ്റ് നാല് പേർക്കുമെതിരെ കൊലപാതകം, കലാപം സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, ക്രിമിനൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് കോടതി ഇവരെ വെറുതെവിട്ടു.
ക്രൂരമായ കൊലപാതകത്തിനു ശേഷം അങ്കിത് ശർമയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആസിഡ് ഒഴിച്ചു പൊള്ളിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ചന്ദ് ബാഗ് പുലിയ, മെയിൻ കരാവൽ നഗർ റോഡ് പരിസരങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കല്ലേറും അക്രമങ്ങളും നടന്നിരുന്നു. അന്ന് മുൻസിപ്പൽ കൗൺസിലറായിരുന്ന മുഹമ്മദ് താഹിർ ഹുസൈന്റെ ഓഫിസിൽ നിരവധി സാമൂഹിക വിരുദ്ധർ തടിച്ചുകൂടിയിരുന്നതായും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജനക്കൂട്ടത്തിനു നേരെ കല്ലുകളും പെട്രോൾ ബോംബുകളും എറിയുകയും വെടിയുതിർക്കുകയും ചെയ്തതായും പരാതിക്കാരൻ ആരോപിച്ചിരുന്നു. 2020 ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ അങ്കിത് ശർമ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലുകൾക്കൊടുവിൽ, ചന്ദ് ബാഗ് പുലിയയിലെ പള്ളിക്ക് സമീപമുള്ള ഓടയിലേക്ക് അങ്കിത് ശർമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തള്ളിയതായി പ്രദേശവാസികളായ യുവാക്കളിൽ നിന്നാണ് കുടുംബം അറിയുന്നത്. കേസിന്റെ ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും.




