സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; പലയിടത്തും…

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമുണ്ടായി. വൈകിട്ട് ഏഴിന് ശേഷം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി നേരത്തേ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വൈദ്യുതി ലഭ്യതയിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു മന്ത്രി സണ്ണി ജോസഫ് നേരത്തേ പറഞ്ഞത്.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷമായിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും തിരിച്ചടിയാണെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെന്നും കെഎസ്ഇബി പറയുന്നു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു




