ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല… തുണയായ്..

വയനാട് ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല. തുടർച്ചയായ ആഘാതങ്ങളുടെ തീരാവേദനകൾക്കിടയിലും, പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ശ്രുതി. ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും. ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി. സാരമായി പരുക്കേറ്റ ശ്രുതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.
ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചിരുന്നു. 2024 ഡിസംബർ ഒൻപതിന് ശ്രുതി റവന്യൂവകുപ്പിൽ ക്ലാർക്കായി ചുമതലയേറ്റിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖപൂരിതമായ ദിനങ്ങളെ ഓർമകളിലൊതുക്കി സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതയാത്ര ആരംഭിക്കാനൊരുങ്ങുകയാണ് ശ്രുതി. ഇവർക്ക് എല്ലാവിധ പിന്തുണയുമായി നാടും ഒപ്പമുണ്ട്.




