ആരുടെയും പക്ഷം ചേരാതെ രണ്ട് മക്കളെയും യോജിപ്പിച്ച് കൊണ്ടുപോകണം; തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

രണ്ട് മക്കൾ തമ്മിൽ വഴക്കുണ്ടാക്കിയൽ ആരുടെയെങ്കിലും പക്ഷം ചേരുന്നതിന് പകരം അവരെ യോജിപ്പിച്ച് കൊണ്ടുപോകുംപോലെയുള്ള ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ തന്റെ റോൾ വ്യത്യസ്തമാണെന്നും ഒരു കുടുംബനാഥനെപോലെ സഭയെ ചേർത്തുപിടിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും സ്പീക്കർ ചുമതല ഏറ്റെടുത്തശേഷം കോട്ടയം പ്രസ് ക്ളബിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഭരണഘടനയുടെ നാലാംതൂണായ മാധ്യമത്തേയും ഒപ്പം കൂട്ടിനിർത്താനുള്ള ശ്രമവും നടത്തും. നിയമസഭ ശബ്ദകോലാഹലമാകാതിരിക്കാൻ ശ്രമിക്കും. പൊതുജനങ്ങൾക്കായി പ്രവർത്തിച്ച് ഒരു നിലയിൽ എത്തിയാൽ ഒരു വേള രാഷ്ട്രതന്ത്രജ്ഞന്റെ റോളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ആ അവസ്ഥയിലാണിപ്പോൾ.
രാഷ്ട്രീയം പറയുന്നില്ലെങ്കിലും മണ്ഡലത്തിലെ വികസനകാര്യങ്ങൾ പറയുന്നതിൽ കുഴപ്പമില്ലെന്നും പറഞ്ഞ് വിജയത്തേയും നാടിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
എന്താണ് വിജയംതരുന്ന അനുഭവം?പൊതുപ്രവർത്തകന് ജനങ്ങളെ സന്പർക്കപ്പെടുത്തിയേ മുന്നോട്ട് പോകാനാകൂ. ഞാനവർക്കൊപ്പം എന്നും ഉണ്ടായിരുന്നു. എന്നെ അവർക്ക് ആവശ്യമാണെന്നതാണ് എനിക്ക് കിട്ടിയ വോട്ടിന്റെ കണക്കുകൾ പറയുന്നത്. എന്റെ എതിരാളിക്ക് കിട്ടിയ വോട്ടെന്നത് എന്റെ ഭൂരിപക്ഷത്തേക്കാൾ 3600-വോട്ടിന്റെ കുറവാണ്. ജനങ്ങൾ ആഗ്രഹിച്ച വികസനം നൽകാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. എന്നാൽ കഴിഞ്ഞ 10-വർഷം സർക്കാർ അകറ്റിനിർത്താൻ ശ്രമിച്ചെങ്കിലും അതിന് മുന്പ് നടത്തിയതും തുടങ്ങിവെച്ചതുമായ വികസനപ്രവർത്തനം അവർ മനസ്സിലാക്കുന്നുണ്ട്. വട്ടമൂട് ഉൾപ്പെടെ 18 പാലങ്ങൾ, ബൈപ്പാസുകൾ എന്നിവയിലൂടെ വികസനം കൊണ്ടെത്തിക്കാൻ കഴിഞ്ഞു.
ആകാശപ്പാത, കോടിമതപ്പാലം
കഴിഞ്ഞ 10-വർഷംകൊണ്ട് ആകാശപ്പാത പൂർത്തിയാക്കാൻ കഴിയാഞ്ഞത് വലിയ സങ്കടമായി. അതിനുകാരണം കഴിഞ്ഞ സർക്കാരിന്റെ ചില നടപടിമൂലമാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മുന്നിൽ അനുകൂല മറുപടി കൊടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നുമാത്രമല്ല കോടതിയലക്ഷ്യപ്രശ്നം വന്നപ്പോൾ ഞങ്ങൾ നയംതന്നെ മാറ്റിയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇനി കോടതിയിൽനിന്ന് അനുകൂല നടപടി സ്വീകരിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ ആകാശപ്പാത വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒപ്പം കോടിമത രണ്ടാം പാലവും പൂർത്തിയാക്കും.



