ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കട്ടപ്പുറത്ത്…

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കട്ടപ്പുറത്ത് തന്നെ. പരിശീലനത്തിനായി പണമടച്ചവര്‍ ദുരിതത്തിലായി. ഫെബ്രുവരി 19ന് മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത ഗുരുവായൂര്‍ കെഎസ്ആര്‍ടിസി. ഡ്രൈവിങ് പരിശീലന കേന്ദ്രമാണ് പൂര്‍ണമായും നിശ്ചലാവസ്ഥയിലായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വ്യക്തിക്ക് പോലും ഇവിടെനിന്ന് പരിശീലനം നല്‍കാന്‍ സാധിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ 34ാമത് ഡ്രൈവിങ് സ്‌കൂള്‍ തുടക്കത്തിലേ കട്ടപ്പുറത്തായ’ അവസ്ഥയിലാണ്.
നിലവിലെ കെഎസ്ആര്‍ടിസി. കെട്ടിടത്തില്‍ രണ്ട് മുറികള്‍ ഓഫീസിനായി അനുവദിച്ചതൊഴിച്ചാല്‍ മറ്റ് യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ധൃതിപിടിച്ചുള്ള ഉദ്ഘാടനമായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചാവക്കാട് നഗരസഭ ഗ്രൗണ്ടാണ് ഡ്രൈവിങ് പരിശീലനത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് മുന്‍കരുതലുകളോ പഠനങ്ങളോ നടത്താതെയാണ് ഈ സ്ഥലം തിരഞ്ഞെടുത്തതത്രെ. ഒടുവില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ പരിശീലനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ നിസംഗഭാവേന കൈമലര്‍ത്തുകയാണുണ്ടായത്. നിലവില്‍ കെ എസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ സൗകര്യമൊരുക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.



