വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ…. നഗ്നചിത്രങ്ങൾ പകർത്തിയും ഭീഷണി

കൊല്ലം: വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസിലിങ്ങിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമുഖ സൈക്കോളജിസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരൻ (69) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. കൗൺസിലിങ് മുറിക്കുള്ളിൽ വെച്ച് അതീവ ആസൂത്രിതമായാണ് ഇയാൾ ഇത്രയും കാലം കുട്ടിയെ ക്രൂരമായി ചൂഷണം ചെയ്തത്.
പോലീസ് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം പ്രതി പെൺകുട്ടിയെ നീണ്ട വർഷങ്ങളായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതലായിരുന്നു ഈ സ്വകാര്യ ആശുപത്രിയിൽ കൗൺസിലിങ്ങിനായി എത്തിയിരുന്നത്. കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച ശേഷം കൗൺസിലിങ് എന്ന വ്യാജേന ഇയാൾ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടി പത്താം ക്ലാസിൽ എത്തിയതോടെ പ്രതി ക്രൂരതയുടെ ആഴം കൂട്ടി. കുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും, പ്രതിയുടെ സ്വന്തം നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പീഡനം തുടർന്നത്.
നീണ്ട കാലത്തെ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രകടമായിരുന്നു. കുട്ടിയുടെ ഈ സ്വഭാവമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ വിദ്ഗധ പരിശോധനയ്ക്കായി മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. ഈ കൗൺസിലിങ്ങിനിടയിലാണ് താൻ വർഷങ്ങളായി അനുഭവിക്കുന്ന ക്രൂരമായ പീഡന വിവരങ്ങൾ പെൺകുട്ടി തുറന്നുപറഞ്ഞത്. വിവരമറിഞ്ഞ രക്ഷിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സന്തോഷ് സുകുമാരനെ അടിയന്തരമായി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



