കോയമ്പത്തൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി…. അയൽവാസിയടക്കം രണ്ട് പേർ അറസ്റ്റിൽ… പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പത്തുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ കാർത്തിക്, ഇയാളുടെ സുഹൃത്ത് മോഹൻരാജ് എന്നിവരെയാണ് കോയമ്പത്തൂർ പോലീസ് പിടികൂടിയത്. മനുഷ്യത്വരഹിതമായ ഈ ക്രൂരകൃത്യത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് 21-ന് വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെൺകുട്ടിയെ പെട്ടെന്ന് കാണാതാകുന്നത്. അന്നുതന്നെ രാത്രി വൈകി ബന്ധുക്കൾ സൂലൂർ പോലീസിൽ പരാതി നൽകി. പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുട്ടിയുടെ വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും എന്ന കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് സോൺ ഐ.ജി ആർ. വി. രമ്യാ ഭാരതി മാധ്യമങ്ങളോട് വ്യക്തമാക്കി.
പെൺകുട്ടിയുടെ അയൽവാസി കൂടിയായ കാർത്തിക് എന്നയാളാണ് കുട്ടിയെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്. അവിടെവെച്ച് കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുളത്തിൽ ഉപേക്ഷിക്കാൻ സുഹൃത്തായ മോഹൻരാജ് സഹായിച്ചതായും വെസ്റ്റ് സോൺ ഐ.ജി വ്യക്തമാക്കി. അതേസമയം, പോലീസിന്റെ അറസ്റ്റ് നടപടികൾക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒന്നാം പ്രതി കാർത്തിക്കിന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് സാരമായ പരിക്കേറ്റ ഇയാൾ നിലവിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡി.ജി.പി സന്ദീപ് സിങ് റാത്തോഡ് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളെയും നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.



