മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സിന് മുന്നിൽ ഇടത് സംഘടനകളുടെ മറ്റൊരുബോർഡ്, പിന്നാലെ..

മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖം മറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇടത് സംഘടനകൾ സ്ഥാപിച്ച ഫ്ളക്സ് നീക്കം ചെയ്തു. കേരളഹൗസിൽ സ്ഥാപിച്ച ഫ്ലക്സിനെ ചൊല്ലിയായിരുന്നു തർക്കം. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സിനുമുന്നിൽ ഇടതു യൂണിയൻ മറ്റൊരു ഫ്ലക്സ് കൊണ്ടുവന്ന സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തർക്കമുണ്ടാകുകയും പോലീസ് വിഷയത്തിൽ ഇടപെട്ട് ഇടത് യൂണിയന്റെ ഫ്ലക്സ് നീക്കം ചെയ്യുകയുമായിരുന്നു. മുഖ്യമന്ത്രി കേരള ഹൗസിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഇടത് യൂണിയൻ ഫ്ലക്സ് സ്ഥാപിച്ചത്.
കേരളാഹൗസിലെ അസ്റ്റിറ്റന്റ് ലെയ്സൺ ഓഫീസർ ജയപ്രസാദിനെ സസ്പെൻഡ് ചെയ്ത റസിഡന്റ് കമ്മീഷണറുടെ നടപടിക്ക് എതിരെയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ബോർഡ് സ്ഥാപിച്ചത്. ജയപ്രസാദിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിരുന്നു ഫ്ളക്സ്. വി ഡി സതീശന്റെ മുഖം മറയ്ക്കുന്ന രീതിയിലാണ് പുതിയ ബോർഡ് സ്ഥാപിച്ചതെന്ന് ആരോപിച്ചായിരുന്നു തർക്കം. ഭരണപക്ഷ യൂണിയൻ കൂടി രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിലുള്ള തർക്കം വാക്പോരിലേക്ക് വഴിമാറി.
പിന്നാലെ ഫ്ലക്സ് നീക്കണമെന്ന് റസിഡന്റ് കമ്മീഷണർ നിർദേശിക്കുകയും ഇത് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇടത് യൂണിയൻ അംഗങ്ങൾ വീണ്ടും ഫ്ലക്സ് തിരികെ സ്ഥാപിച്ചു. ഇതോടെ അഡീഷണൽ റസിഡന്റ് കമ്മീഷണർ നേരിട്ടെത്തി ബോർഡ് നീക്കാൻ നിർദേശം നൽകി. ആദ്യം കേരള ഹൗസ് ഗെയ്റ്റിന് പുറത്തേക്ക് മാറ്റിയ ഫ്ലക്സ് പോലീസ് പിന്നീട് പരിസരത്ത് നിന്നും നീക്കം ചെയ്തു.



