പാറശ്ശാലയിൽ പട്ടാപ്പകൽ ലോ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം… ബൈക്കിലെത്തിയ രണ്ടംഗസംഘം…

തിരുവനന്തപുരം: പാറശ്ശാലയില്‍ പട്ടാപ്പകല്‍ ലോ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാരക്കോണം സിഎസ്ഐ ലോ കോളേജ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടംഗസംഘമാണ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. കേസിൽ പ്രതികളായ രണ്ടുപേരെയും പോലീസ് അതിവേഗത്തിൽ പിടികൂടിയിട്ടുണ്ട്.
ചെറുവാരക്കോണം ലോ കോളജിലെ അവസാന വര്‍ഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാരുണ്യ ഹോട്ടലില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥിനികള്‍. ഭക്ഷണം കഴിച്ചശേഷം തിരികെ ബഥേല്‍ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. ചെറുവാരക്കോണം ആര്‍പിഎസ് ട്രേഡേഴ്സിന് സമീപം വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാര്‍ഥിനികളില്‍ ഒരാളെ പരസ്യമായി കടന്നുപിടിച്ച ശേഷം അതിവേഗത്തില്‍ ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനി ആദ്യം പാറശ്ശാല പോലീസിനെയാണ് സമീപിച്ചത്. എന്നാൽ സംഭവം നടന്ന സ്ഥലം തമിഴ്നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ അതിർത്തിക്കപ്പുറത്തുള്ള കളിയിക്കാവിള പോലീസിനെ ബന്ധപ്പെടാന്‍ പാറശ്ശാല പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിനി കളിയിക്കാവിള പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കളിയിക്കാവിള പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ അതിവേഗത്തില്‍ വലയിലാക്കിയത്. ബൈക്ക് ഓടിച്ചിരുന്ന തമിഴ്നാട് കുരുന്തന്‍കോട് സ്വദേശി ഭാരതി ബാബുവിനെയും, വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പതിനേഴുകാരനെയുമാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.




