കേരളത്തിൽ സ്‌കൂളുകൾ ജൂൺ 1ന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ആവേശകരമായ തുടക്കമൊരുക്കാൻ സംസ്ഥാനതല പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. തിരുവനന്തപുരം പട്ടം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയിൽ ഇത്തവണത്തെ പരിപാടിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്വീകരണം ഒരുക്കുന്നതിനൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും പുതിയ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചടങ്ങ് വേദിയാകും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിവിധ കലാപരിപാടികൾ, സ്വാഗത ഘോഷയാത്രകൾ, കുട്ടികൾക്കായുള്ള പ്രത്യേക സ്വീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രവേശനോത്സവം സംഘടിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇത്തവണത്തെ പ്രവേശനോത്സവ ഗാനവും വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരേ സമയം ഗാനം ആലപിക്കുന്ന രീതിയിലായിരിക്കും പരിപാടികൾ നടക്കുക. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുക, പുനരുപയോഗ സാധനങ്ങൾ ഉപയോഗിക്കുക, ഹരിത അലങ്കാരങ്ങൾക്ക് പ്രാധാന്യം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പാഠപുസ്തക വിതരണവും അവസാന ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും മെയ് 31നകം പാഠപുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.




