പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റം; നടപടി സ്റ്റേ ചെയ്ത് കെഎടി

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് (കെഎടി) നടപടി സ്റ്റേ ചെയ്തത്. ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനാണ് താൽക്കാലിക സ്റ്റേ നൽകിയിട്ടുള്ളത്.
സ്ഥലം മാറ്റത്തിനെതിരെ ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിന്നു. വളരെ ദൂരത്തേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുൾപ്പെട്ടിരുന്ന നാല് ഉദ്യോഗസ്ഥരാണ് കെഎടിയെ സമീപിച്ചത്. ഇവരുടെ ഹർജി പരിഗണിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ കെഎടി ഇടപെടൽ നടത്തിയിരിക്കുന്നത്. ഇടതുഭരണ അനുകൂലികളായവരെ ഉൾപ്പടെയാണ് സ്ഥലംമാറ്റിയത്. സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥർ തയ്യാറാണ്, എന്നാൽ വളരെ ദൂരത്തേക്കുള്ള സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.




