‘കാഫിർ സ്‌ക്രീൻഷോട്ട്’ പ്രചാരണ കേസ്; ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല എംഎൽഎ

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല. ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചാരണ കേസിൽ അടിയന്തര അന്വേഷണമാവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല കത്ത് നൽകിയത്.
‘ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണ്. എന്നാൽ നിർണായകമായ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും, യഥാർഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയെ കണ്ട് നേരിട്ട് കത്ത് നൽകിയത്’ -എന്നാണ് പാറക്കൽ അബ്ദുല്ല പ്രതികരിച്ചത്.
സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും തുനിഞ്ഞിറങ്ങിയ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം. കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിൽ എപിക്കെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത്. സ്‌ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രിൽ 25 ന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ്. ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽ നിന്ന് കിട്ടയതെന്ന് അമ്പാടിമുക്ക് സഖാക്കൾ അഡ്മിൻ മനിഷ് പോലീസിനെ അറിയിച്ചു. ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമൽ റാം എന്ന വ്യക്തിയാണ്. റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയതെന്ന് അമൽ റാം പറഞ്ഞു. റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽ ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റിബേഷ് രാമകൃഷ്‌ണൻ പോസ്റ്റ് ചെയ്തത്. എന്നാൽ സ്ക്രീൻ ഷോട്ടുകൾ വാട്ട്സ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷണന്റെ ഫോൺ പരിശോധനാഫലം അടക്കം കിട്ടിയില്ല എന്നാണ് പോലീസ് പറയുന്നത്. ഇതോടെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. യഥാർഥ പ്രതികളെ കണ്ടെത്താനായില്ല എന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയത്.



