‘കോക്ക്‌റോച്ച് ജനത പാർട്ടി’ക്ക് യുവ നേതാക്കളുടെ വൻ പിന്തുണ…. അക്കൗണ്ടുകൾ പൂട്ടുന്നത് കേന്ദ്രത്തിന്റെ ഭയം കൊണ്ടെന്ന് വി.കെ. സനോജും അബിൻ വർക്കിയും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവമാധ്യമങ്ങളിൽ രൂപപ്പെടുകയും പിന്നീട് രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്ത കോക്ക്‌റോച്ച് ജനത പാർട്ടിക്കും കോക്ക്‌റോച്ച് മൂവ്‌മെന്റിനും പിന്തുണയുമായി കേരളത്തിലെ പ്രമുഖ യുവ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ മുൻനിര നേതാക്കളാണ് മൂവ്‌മെന്റിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. യുവ എംഎൽഎമാരായ വി.കെ. സനോജ്, അബിൻ വർക്കി, നേതാക്കളായ പി.കെ. നവാസ്, ടി.പി. അഷ്‌റഫ് അലി, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് തുടങ്ങിയവരാണ് കേന്ദ്ര നിലപാടുകളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്.

രാജ്യത്തെ ഭരണാധികാരികളോട് യുവാക്കൾക്കുള്ള കടുത്ത അമർഷത്തിന്റെ പ്രതിഫലനമാണ് കോക്ക്‌റോച്ച് മൂവ്‌മെന്റ് എന്ന് ഡി.വൈ.എഫ്.ഐ നേതാവ് വി.കെ. സനോജ് പറഞ്ഞു. സിജെപിക്ക് നേതൃത്വം കൊടുത്ത ആളെ ജാതിപറഞ്ഞ് ഇല്ലാതാക്കാനും വംശീയമായി അധിക്ഷേപിക്കാനും ശ്രമിക്കുന്നത് ജനാധിപത്യപരമല്ല. കേന്ദ്രസർക്കാർ വലിയ ഭയത്തോടെയാണ് ഈ മൂവ്‌മെന്റിനെ കാണുന്നത്. അക്കൗണ്ടുകൾ പൂട്ടുകയല്ല, മറിച്ച് ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാർ ഇവരുമായി ഔദ്യോഗിക സംവാദത്തിന് തയ്യാറാകുകയാണ് വേണ്ടത്. ഈ മുന്നേറ്റത്തെ തള്ളിക്കളയാനാകില്ലെന്നും യുവാക്കളുടെ തുടർന്നുള്ള നിലപാടുകൾ ഏറെ ഗൗരവമുള്ളതാണെന്നും സനോജ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും സമാനമായ പ്രതികരണമാണ് നടത്തിയത്. കേന്ദ്രത്തിന്റെ പല നിലപാടുകളിലും അസ്വസ്ഥരായ അനേകം പേരുടെ ആശയമാണിത്. കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടക്കം പൂട്ടിക്കാൻ കേന്ദ്രം മുതിരുന്നതെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി.

രാജ്യത്തെ അസ്വസ്ഥരായ ഒരു ജനവിഭാഗത്തിന്റെ കൂട്ടായ്മയായ ഇതിനെ കൃത്യമായ രാഷ്ട്രീയ രൂപത്തിലേക്ക് മാറ്റിയെടുക്കണമെന്ന് എം.എസ്.എഫ് നേതാവ് പി.കെ. നവാസ് ആവശ്യപ്പെട്ടു. ലോകത്ത് മികച്ച മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് വിദ്യാർത്ഥികളും യുവാക്കളുമാണ്. പ്രതിപക്ഷ സംഘടനകൾ എന്ന നിലയിൽ ഈ യുവജന മുന്നേറ്റത്തെ പിന്തുണയ്ക്കുമെന്നും എന്നാൽ ഇത് കൈവിട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നവാസ് കൂട്ടിച്ചേർത്തു. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നതുപോലെയാണ് കോക്ക്‌റോച്ചിനെ പേടിച്ച് എക്‌സ് അക്കൗണ്ടുകൾ പൂട്ടുന്നതെന്ന് ടി.പി. അഷ്‌റഫ് അലി പരിഹസിച്ചു. ബിജെപി ഭരണത്തിന്റെ ഓഡിറ്ററായി മാറാൻ ഈ മൂവ്‌മെന്റിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യം ഭരിക്കുന്നത് മനുഷ്യവർഗ്ഗത്തിൽ പെട്ടവരെങ്കിൽ നാട്ടിലെ ചെറുപ്പക്കാരുടെ പ്രതിഷേധം കാണാൻ തയ്യാറാകണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു. നവമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഇല്ലാതാക്കിയാൽ ജനരോഷം കെട്ടടങ്ങുമെന്ന് കരുതുന്നവർ വിഡ്ഢികളാണ്. ഭീകരമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വിവേചനങ്ങളും സഹിക്കാവുന്നതിലും അപ്പുറമായതുകൊണ്ടാണ് പുതിയ തലമുറക്കാർ പാറ്റകൾ എന്ന് സ്വയം പരിചയപ്പെടുത്തി രംഗത്തിറങ്ങുന്നതെന്നും ശിവപ്രസാദ് വ്യക്തമാക്കി. എത്ര നിരോധിച്ചാലും ഈ വർഗ്ഗീയ ഭരണകൂടത്തിനെതിരെ രാജ്യത്തെ യുവതയുടെ എതിർശബ്ദങ്ങൾ ഉയർന്നുകൊണ്ടേയിരിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. ഈ യുവജന സമരങ്ങൾക്കൊപ്പം എന്നും എസ്എഫ്ഐ ഉണ്ടാകുമെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.

Related Articles

Back to top button