വാഹനം കാണാതെ രജിസ്‌ട്രേഷൻ പുതുക്കി നൽകി… കൊല്ലത്ത് വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ട് കൃത്യമായ പരിശോധനകൾ നടത്താതെ ഫിറ്റ്‌നസും രജിസ്‌ട്രേഷനും പുതുക്കി നൽകിയ കൊല്ലം ആർ.ടി ഓഫീസിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ ഗതാഗത വകുപ്പിന്റെ കർശന നടപടി. കൊല്ലം ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പോലും കൊല്ലം ആർ.ടി ഓഫീസിന്റെ പരിധിയിൽ നേരിട്ട് എത്തിക്കാതെ, വ്യാജമായി രജിസ്‌ട്രേഷൻ പുതുക്കി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ.
മോട്ടോർ വാഹന വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലം ജില്ലയ്ക്ക് പുറത്തുള്ളതും മറ്റ് ആർ.ടി ഓഫീസുകൾക്ക് കീഴിലുള്ളതുമായ 19 വാഹനങ്ങളാണ് യാതൊരുവിധ പരിശോധനയും കൂടാതെ എസ്. മഞ്ജു രജിസ്‌ട്രേഷൻ പുതുക്കി നൽകിയത്. നിലവിലെ മോട്ടോർ വാഹന വകുപ്പ് ചട്ട പ്രകാരം മറ്റ് ആർ.ടി ഓഫീസുകൾക്ക് കീഴിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ ആർ.ടി.ഒയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളിൽ ഈ മാനദണ്ഡങ്ങളെല്ലാം പൂർണ്ണമായി മറികടന്നാണ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഒപ്പിട്ടു നൽകിയത്.
സംഭവത്തിന് പിന്നിൽ വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് വകുപ്പിന്റെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ ഈ വാഹനങ്ങളുടെ ഉടമകളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച ആർ.ടി.ഒ ഏജന്റുമാരെയും കേന്ദ്രീകരിച്ച് വിജിലൻസ് ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം നടക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.



