ഡൽഹി കലാപ ഗൂഢാലോചനക്കേസ്… ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കുന്നതിനായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് അപേക്ഷ സമർപ്പിച്ചിരുന്നത്. ജസ്റ്റിസുമാരായ പ്രതിബ എം. സിംഗ്, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ദിവസം വിചാരണ കോടതി ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.

2020-ൽ രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയായിരുന്നു ഇവരുടെ അറസ്റ്റ്. ഈ കേസിൽ മുൻപ് ജനുവരി മാസത്തിൽ ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് കാണിക്കുന്ന ശക്തമായ പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

ഇതേ കേസിൽ പ്രതിയായ മറ്റൊരു പ്രമുഖ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കോടതി അനുവദിച്ച 10 ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് ഷർജീൽ ഇമാം ജയിലിന് പുറത്തുള്ളത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാനുഷിക പരിഗണനകൾ മുൻനിർത്തി ഉമർ ഖാലിദിനും ഹൈക്കോടതി താത്കാലിക ആശ്വാസം നൽകിയിരിക്കുന്നത്. വൻ സുരക്ഷാ മുൻകരുതലുകളോടെയായിരിക്കും ഉമർ ഖാലിദ് ജയിലിന് പുറത്തിറങ്ങുക.

Related Articles

Back to top button