സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ് മധുപാൽ….

കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടമായി അദേഹം ചൂണ്ടിക്കാണിച്ചത്. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനും കഴിഞ്ഞിരുന്നു. 2026 ഏപ്രിൽ മാസത്തിൽ മാത്രം 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ​ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 ആക്കി. ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം രണ്ട് ലക്ഷമായും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം പറയുന്നു.

Related Articles

Back to top button