പാർട്ടി എന്നെ പറ്റിച്ച് സ്ഥാനാർത്ഥിയാക്കി….. വോട്ടെടുപ്പ് കഴിഞ്ഞപ്പോഴേ തോൽവി ഉറപ്പിച്ചിരുന്നെന്ന് പി.കെ ശ്യാമള

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ കനത്ത പുകച്ചിൽ. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ താൻ തോൽക്കുമെന്ന് പി.കെ ശ്യാമളയ്ക്ക് അറിയാമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വെളിപ്പെടുത്തി. തോൽവി മുൻകൂട്ടി അറിഞ്ഞിട്ടും പാർട്ടി തന്നെ പറ്റിച്ച് സ്ഥാനാർത്ഥിയാക്കുകയായിരുന്നു എന്ന് ശ്യാമള പറഞ്ഞതായും എം.വി ഗോവിന്ദൻ മനസ്സ് തുറന്നു. ഇതിനിടയിൽ, “തോറ്റത് താനല്ല, പാർട്ടിയാണ്” എന്ന് പി.കെ ശ്യാമള ഇന്ന് ദില്ലിയിൽ വെച്ച് പ്രതികരിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

തന്റെ വാർത്താസമ്മേളനങ്ങളിലെ ശൈലിയിൽ പ്രശ്നങ്ങളുണ്ടെന്ന് എം.വി ഗോവിന്ദൻ യോഗത്തിൽ തുറന്നുസമ്മതിച്ചു. “ചിലർ ചിരിച്ചു കൊണ്ട് വാർത്താസമ്മേളനം നടത്താൻ പറയും, ചിലർ ഗൗരവത്തിൽ വേണമെന്ന് പറയും. അതിന്റെ കൺഫ്യൂഷൻ എനിക്കുണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്ന പരിപാടി ഇനി ഞാൻ ഒഴിവാക്കുകയാണ്. അത് വാർത്താസമ്മേളനത്തിന്റെ പ്രധാന പ്രശ്നമാണെന്ന് തിരിച്ചറിയുന്നു,” അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിന് ശേഷം സ്വന്തം ദൃശ്യങ്ങൾ കണ്ട് തെറ്റുകൾ തിരുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. വലിയ ആഭ്യന്തര തർക്കങ്ങൾക്കും വിമർശനങ്ങൾക്കും നടുവിലാണ് സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ സ്വയം തിരുത്തലിന് തയ്യാറായി മനസ്സ് തുറന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന സൂചനകളാണ് ഈ യോഗത്തിലെ ചർച്ചകൾ നൽകുന്നത്.

Related Articles

Back to top button