സിൽവർലൈൻ റദ്ദാക്കി…. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും…… മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ വിജയാഘോഷം

തിരുവനന്തപുരം: മുൻ സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന തിരുവനന്തപുരം – കാസർകോട് സിൽവർലൈൻ (കെ റെയിൽ) പദ്ധതി റദ്ദാക്കാനും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനുമുള്ള പുതിയ സർക്കാരിന്റെ തീരുമാനത്തെ ആഹ്ലാദത്തോടെയും കണ്ണീരോടെയും വരവേറ്റ് കെ റെയിൽ വിരുദ്ധ സമരസമിതി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്തെ മാടപ്പള്ളി, ആലപ്പുഴയിലെ ചെങ്ങന്നൂർ തുടങ്ങി മുൻപ് ശക്തമായ പ്രതിഷേധങ്ങൾ നടന്ന സമരഭൂമികളിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷമാക്കി.
‘പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ട്. ശാരീരികവും മാനസികവുമായി ഒരുപാട് അനുഭവിച്ചു. മുൻപ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മുൻ മന്ത്രിയുടെ സ്വന്തം ആളുകൾ വന്ന് വീടിന്റെ മുറ്റത്തിട്ട് ഗുണ്ട് പൊട്ടിക്കുമായിരുന്നു, ചെങ്ങന്നൂരിലെ സമരസമിതി നേതാവ് സിന്ധു ജെയിംസ് ‘പ്രതികരിച്ചു. ‘നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ,’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് മുഖ്യമന്ത്രി വി.ഡി. സതീശന് സമരസമിതി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചത്. പദ്ധതി റദ്ദാക്കിയതിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവർത്തകരും വലിയ സന്തോഷം പ്രകടിപ്പിച്ചു. മുൻപ് മാടപ്പള്ളിയിൽ നടന്ന സമരത്തിനിടെ റോസ്ലിൻ ഫിലിപ്പ് എന്ന സമരപ്രവർത്തകയെ പോലീസ് ക്രൂരമായി വലിച്ചിഴച്ചുകൊണ്ടുപോകുന്നതും, ‘എന്റെ അമ്മയെ കൊണ്ടുപോകരുതേ’ എന്ന് മകൾ കരഞ്ഞു നിലവിളിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു.
‘കെ റെയിൽ വരും കേട്ടോ’ എന്ന മുൻ ഭരണാധികാരികളുടെ പ്രഖ്യാപനം തങ്ങളുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് റോസ്ലിൻ ഓർത്തെടുത്തു. പദ്ധതിക്കെതിരെ കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും ഒരുപാട് തവണ നീതി തേടി അലഞ്ഞിട്ടുണ്ടെന്ന് സമരസമിതിയിലെ വയോധികരായ അംഗങ്ങളും കണ്ണീരോടെ പറഞ്ഞു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സിൽവർലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ച പ്രധാന തീരുമാനങ്ങൾ സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച മുഴുവൻ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മുഴുവൻ മഞ്ഞക്കുറ്റികളും അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി.
കെ റെയിൽ സമരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ, അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കുന്നതിനായി കോടതിയിൽ ശുപാർശ സമർപ്പിക്കും. കോട്ടയത്തെ മാടപ്പള്ളി, ആലപ്പുഴയിലെ ചെങ്ങന്നൂർ, മലപ്പുറത്തെ തിരുനാവായ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞക്കുറ്റി നാട്ടാൻ റവന്യൂ അധികൃതർ എത്തിയപ്പോൾ വൻ ജനകീയ പ്രതിരോധമായിരുന്നു മുൻപ് അരങ്ങേറിയിരുന്നത്. ആ ജനകീയ സമരങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിജയം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇവിടുത്തെ കുടുംബങ്ങൾ.



