എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ…. പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

തിരുവനന്തപുരം: പുതിയ നിയമസഭയിലെ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ (വ്യാഴാഴ്ച) നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോടെം സ്പീക്കർ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ രാജ്ഭവനിൽ (ലോക്ഭവൻ) എംഎൽഎയായി ഔദ്യോഗികമായി പ്രതിജ്ഞയെടുത്തു.

നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ നടക്കുന്ന ചടങ്ങിൽ 139 അംഗങ്ങളാണ് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യുക. സിപിഐഎമ്മുമായി ഇടഞ്ഞ്, ഇത്തവണ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്നാണ് ജി. സുധാകരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം അംഗങ്ങൾക്ക് മുൻ സഹപ്രവർത്തകൻ കൂടിയായ ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു എന്ന പ്രത്യേകത നാളത്തെ ചടങ്ങിനെ രാഷ്ട്രീയ കൗതുകമുള്ളതാക്കി മാറ്റുന്നുണ്ട്.

മറ്റന്നാൾ (വെള്ളിയാഴ്ച) രാവിലെയാണ് പുതിയ നിയമസഭാ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29-ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ നിയമസഭാ മന്ദിരത്തിൽ പൂർത്തിയായി വരികയാണ്.

Related Articles

Back to top button