ജനാധിപത്യ രാജ്യത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല… പിണറായി വിജയൻ

തിരുവനന്തപുരം: ജനാധിപത്യ രാജ്യത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഡൽഹിയിൽ നടക്കുന്നതെന്ന് പിണറായി വിജയൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വാക്കുകൾക്ക് വില കൽപ്പിക്കാൻ മോദി സർക്കാർ തയ്യാറായില്ലെന്നും ഇന്ത്യ പൊലീസ് സ്റ്റേറ്റായി മാറുകയാണെന്നും പിണറായി ആരോപിച്ചു.

ഡൽഹിയിൽ സഞ്ചരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണെന്നും രാജ്യത്തെ എല്ലാ അർധസൈനിക വിഭാഗങ്ങളെയും അവിടെ അണിനിരത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസ് ഓരോരുത്തരെയും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെപ്പോലും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നും പിണറായി ആരോപിച്ചു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് പാർട്ടി ജനറൽ സെക്രട്ടറിയെയും മറ്റുള്ളവരെയും പൊലീസ് കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. തന്നെയടക്കമുള്ളവരെ ജീപ്പിൽ കയറ്റി മണിക്കൂറുകളോളം യാത്ര ചെയ്തെന്നും യാത്രയ്ക്കിടെ ഭക്ഷണം പോലും നൽകിയില്ലെന്നും പിണറായി ആരോപിച്ചു. പിന്നീട് പൊലീസുകാർക്കായി തയ്യാറാക്കിയ ചപ്പാത്തിയോ മറ്റോ ആണ് നൽകിയത്.

ഡൽഹിയിൽ വിദ്യാർഥികളെയടക്കം പൊലീസ് മർദിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. യുവാക്കളെ തല്ലിയോടിച്ച് പ്രതിഷേധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്നും പിണറായി ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് നേരെ കത്തിവെച്ചെന്നും ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button