നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം… സുഹൈലിന്റെ സുഹൃത്ത് ആലപ്പുഴ സ്വദേശി…

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശി നീരവിനെയാണ് ഞായറാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് സുഹൈലിനൊപ്പം കാറിൽ നീരവും ഉണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം. സുഹൈൽ സജീവ് (19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. കാറിലുണ്ടായിരുന്നവരുടെ പങ്കും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.



