‘2 മാസം പണിയെടുത്തു, കൂലി ചോദിച്ചപ്പോൾ ഊളമ്പാറയിൽ വിടുമെന്ന് പറഞ്ഞു’…. സെക്രട്ടറിയേറ്റ് മരത്തിൽ കയറി പൊറോട്ടത്തൊഴിലാളിയുടെ പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരിയെയും കാവൽപോലീസിനെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സെക്രട്ടറിയേറ്റ് വളപ്പിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. സെക്രട്ടറിയേറ്റിന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപമുള്ള മരത്തിൽ കയറിയാണ് നെയ്യാറ്റിൻകര സ്വദേശിയായ വിനീത് എന്ന യുവാവ് പ്രതിഷേധവും ഭീഷണിയും മുഴക്കിയത്. ഒടുവിൽ പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ ദീർഘനേരത്തെ അനുനയ ചർച്ചകൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കാനായത്. ഹോട്ടൽ ജീവനക്കാരനായ വിനീത് തനിക്ക് രണ്ടു മാസമായി ജോലി ചെയ്ത ശമ്പളം കിട്ടാത്തതിലുള്ള വിഷമം മൂലമാണ് ഈ കടുംകൈക്ക് മുതിർന്നത്. താഴെയിറക്കിയ ശേഷം തനിക്കുണ്ടായ ദുരനുഭവം വിനീത് മാധ്യമങ്ങളോട് പങ്കുവെച്ചു.
“ഞാൻ രണ്ട് മാസം കഷ്ടപ്പെട്ട് ജോലി ചെയ്തു, എന്നിട്ടും എനിക്ക് പൈസ തന്നില്ല. അധ്വാനിച്ച പൈസ ചോദിച്ചപ്പോൾ എന്നെ ഊളമ്പാറയിൽ (മാനസികാരോഗ്യ കേന്ദ്രം) കൊണ്ടുപോകുമെന്നാണ് അവർ പറഞ്ഞത്. പൊറോട്ട അടിയാണ് എന്റെ ജോലി. രാവിലെ 7 മണിക്ക് കയറിയാൽ രാത്രി 11 മണി വരെ പണിയെടുക്കണം. ഒരു ദിവസത്തേക്ക് 1000 രൂപയാണ് എനിക്ക് പ്രതിഫലം പറഞ്ഞിരുന്നത്. എന്നാൽ കള്ളക്കണക്കുകളൊക്കെ എഴുതിവെച്ച് ഇപ്പോൾ എനിക്ക് ശമ്പളം തരുന്നില്ല.” എന്ന് യുവാവ് പറഞ്ഞു.
തുടർച്ചയായ ജോലി പീഡനവും അർഹതപ്പെട്ട കൂലി നിഷേധിച്ചതുമാണ് യുവാവിനെ ഇത്തരമൊരു പരസ്യ പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കനത്ത സുരക്ഷയുള്ള സെക്രട്ടറിയേറ്റ് മതിൽക്കെട്ടിനുള്ളിൽ യുവാവ് കയറി മരത്തിൽ നിലയുറപ്പിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.



