പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയൻ ആദ്യമായി കണ്ണൂരിൽ

പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം പ്രവർത്തകരും നേതാക്കളും ആവേശോജ്ജ്വല സ്വീകരണം നൽകി. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പിണറായി വിജയൻ ഭാര്യ കമലയോടൊപ്പം കണ്ണൂരിലെത്തിയത്.
വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ പിണറായി വിജയനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചു. നേതാക്കളായ പി. ശശി, പി പുരുഷോത്തമൻ, നിയുക്ത എംഎൽഎ വി കെ സനോജ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, എം സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വിമാന താവളത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പിണറായി അവഗണിച്ചുകൊണ്ട് കാറിൽ കയറി എം എൽ എ ഓഫീസിലേക്ക് പോയി. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പിണറായി വിജയൻ മൗനം തുടരുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി പിണറായിക്കും എം വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് കണ്ണൂർ ഉൾപ്പടെയുള്ള ജില്ലാ കമ്മിറ്റികളിൽ ഉയരുന്നത്.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പി ബി മുതൽ പ്രാദേശിക ഘടകങ്ങളിൽ വരെ എതിർപ്പ് ഉയർന്നിട്ടുണ്ട്. നാളെ രാവിലെ പയ്യാമ്പലത്തെ നായനാരുടെ സ്മൃതികുടീരത്തിൽ പിണറായി വിജയൻ പുഷ്പാർച്ചന നടത്തും. വൈകീട്ട് 4 മണിക്ക് സിപിഎം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്യാശേരി യിൽ ഇകെ നായനാർ അനുസ്മരണ പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 10 മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ മൊയാരം സ്മാരക അവാർഡ് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പിണറായി വിജയൻ സമ്മാനിക്കും. തുടർന്ന് 11 മണിക്ക് ചിന്ത പബ്‌ളിക്കേഷൻസ് പ്രസിദ്ധീകരിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കണ്ണൂർ എ കെ ജി ഹാളിൽ പിണറായി വിജയൻ നിർവഹിക്കും.



