പുതിയ സർക്കാരിന് പ്രാർത്ഥനാശംസകൾ നേർന്ന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ…

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും, പുതിയ മന്ത്രിസഭാംഗങ്ങൾക്കും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പ്രാർത്ഥനാശംസകൾ നേർന്നു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി സഭാ പ്രതിനിധികൾ നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്. മലങ്കര മെത്രാപ്പോലീത്ത ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെയും സംഘത്തെയും കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചത്.
സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറീലോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് ശ്രേഷ്ഠ ബാവ ഉറപ്പുനൽകി. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ സഭയും സർക്കാരും തമ്മിലുള്ള ക്രിയാത്മകമായ ബന്ധം ഉറപ്പാക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച.



