ലത്തീൻ സഭയുടെ അതൃപ്തി മാറ്റാൻ സർക്കാർ, ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ

ലത്തീൻ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദർശനം. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്ക് അകം മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് സന്ദർശനം. തീരപ്രദേശത്തെ വിഷയങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. കോവളം എംഎൽഎ എം.വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.



