വാക്കുപാലിച്ച് സതീശൻ സർക്കാർ…. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി…. ആദ്യ മന്ത്രിസഭാ യോഗം പൂർത്തിയായി

തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ രണ്ടെണ്ണം ആദ്യ യോഗത്തിൽ തന്നെ നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 3,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ഓണറേറിയം 12,000 രൂപയാകും. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ ഓണറേറിയത്തിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തും.
മെയ് 21-ന് നിയമസഭാ സമ്മേളനം ആരംഭിക്കും. 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനായിരിക്കും പ്രോടൈം സ്പീക്കർ. അഡ്വക്കേറ്റ് ജനറലായി അഡ്വ. ജെയ്ജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി. അസഫലിയെയും നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കും. സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്ക് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.



