സെക്യൂരിറ്റി ജോലിയിൽ നിന്ന് മന്ത്രികസേരയിലേക്ക്…. ഒ.ജെ. ജനീഷ്… തൃശ്ശൂരിന്റെ ഏക മന്ത്രി

തൃശ്ശൂർ: ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറി അധികാരത്തിന്റെ ഉന്നതശ്രേണിയിലെത്തിയ നേതാവാണ് ഒ.ജെ. ജനീഷ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ തൃശ്ശൂർ ജില്ലയുടെ ഏക പ്രതിനിധിയായി ജനീഷ് എത്തുമ്പോൾ, അത് മാളയിലെ ഒരു സാധാരണ കുടുംബത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരം കൂടിയാകുന്നു.

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ജനീഷ്, കഠിനമായ ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പടവെട്ടിയാണ് വളർന്നത്. സെക്യൂരിറ്റി ജോലി ചെയ്താണ് അദ്ദേഹം കുടുംബം പുലർത്തിയത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മ പുഷ്പയായിരുന്നു മകന്റെ വളർച്ചയിലെ പ്രധാന കരുത്ത്. കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ ജനീഷ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും തൃശ്ശൂർ ലോ കോളേജിൽ നിന്ന് ബി.ബി.എ എൽ.എൽ.ബിയും കരസ്ഥമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ സംസ്ഥാന അധ്യക്ഷനായത്. വയനാട് പുനരധിവാസ വീടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിൽ ജനീഷിന് തടസ്സമായില്ല. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാറിനെ അട്ടിമറിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

Related Articles

Back to top button