പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് ‘നൂറ്റാണ്ടിലെ മണ്ടത്തരം’….. പൊളിറ്റ് ബ്യൂറോയിലെ എതിർപ്പ് മറികടന്ന് തീരുമാനം….. സി.പി.എമ്മിൽ വൻ പൊട്ടിത്തെറി

തിരുവനന്തപുരം: സംസ്ഥാന സി.പി.എമ്മിൽ അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര കലഹവും പുകയുന്നു. പൊളിറ്റ് ബ്യൂറോയിലെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ പാർട്ടി തീരുമാനിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് പിന്നാലെ, തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.

കഴിഞ്ഞയാഴ്ച ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ചർച്ച ചെയ്യാനിരുന്നതാണെങ്കിലും പിണറായി വിജയൻ നിലപാട് വ്യക്തമാക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പിണറായിയുടെ പേര് മുന്നോട്ടുവെച്ചതോടെ വീണ്ടും ഓൺലൈനായി പി.ബി യോഗം ചേർന്നു. ഈ യോഗത്തിൽ പാർട്ടി സെന്ററിൽ നിന്നും ബംഗാളിൽ നിന്നുമുള്ള അഞ്ച് അംഗങ്ങൾ തീരുമാനത്തെ ശക്തമായി എതിർത്തതായാണ് വിവരം. പാർട്ടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള വിമർശനങ്ങളാണ് വിവിധ ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഉയർന്നത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് “നൂറ്റാണ്ടിലെ മണ്ടത്തരം” എന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ഇഷ്ടമുള്ളവർക്ക് ഒരു നീതിയും ഇല്ലാത്തവർക്ക് മറ്റൊരു നീതിയുമാണ് പാർട്ടിയിലെന്ന് കൊല്ലം കമ്മിറ്റി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും അവസാന പ്രതിപക്ഷ നേതാവും പിണറായി വിജയൻ ആയാൽ അതിശയിക്കാനില്ലെന്ന ഗുരുതരമായ പരിഹാസവും യോഗത്തിലുണ്ടായി. തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം കൂട്ടിയതിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിക്കാണെന്ന് പാലക്കാട് നേതാക്കൾ കുറ്റപ്പെടുത്തി. എ.കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദമാണെന്നും വിമർശനമുയർന്നു. എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കണ്ണൂരിൽ വലിയ കുറ്റപ്പെടുത്തലാണുണ്ടായത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങൾ മലബാറിലാകെ പാർട്ടിക്ക് എതിർവികാരം ഉണ്ടാക്കി. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വിശദീകരണങ്ങളിൽ വ്യക്തതയില്ലെന്നും ചിലത് പരിഹാസ്യമാണെന്നും നേതാക്കൾ തുറന്നടിച്ചു.

ആഗോള അയ്യപ്പ സംഗമം നടത്തിയത് വലിയ അബദ്ധമായിപ്പോയെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി വിലയിരുത്തി. എം.വി ഗോവിന്ദന്റെ ഓരോ പ്രതികരണങ്ങളും ജനങ്ങളെ പാർട്ടിക്ക് എതിരാക്കുകയാണെന്ന് യോഗങ്ങളിൽ വിമർശനമുയർന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും, എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുമാറണമെന്നുമാണ് ജില്ലാ നേതൃയോഗങ്ങളിൽ ഒട്ടുമിക്ക അംഗങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button