“നാലാം വട്ടവും ജയിപ്പിച്ചു, പാർട്ടി കൈവിടില്ല”…. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ഐ.സി ബാലകൃഷ്ണൻ

കോഴിക്കോട്: പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മന്ത്രിസ്ഥാനത്തിനായുള്ള പ്രതീക്ഷ പരസ്യമാക്കി സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും, തന്നെ നേതാക്കളും പ്രസ്ഥാനവും കൈവിടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗങ്ങൾ വലിയ രീതിയിൽ യാതന അനുഭവിക്കുന്നുണ്ടെന്ന് ഐ.സി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ യോജിപ്പിച്ച് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരു വകുപ്പ് അനിവാര്യമാണ്. തുടർച്ചയായ നാലാമത്തെ തവണയാണ് താൻ വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വിജയിച്ചതെന്നും, അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാന ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഐ.സി ബാലകൃഷ്ണൻ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനത്തിനായുള്ള തന്റെ ആവശ്യം അദ്ദേഹം ചെന്നിത്തലയ്ക്ക് മുന്നിൽ വെച്ചതായാണ് വിവരം. ഐ.സി ബാലകൃഷ്ണനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനായി രമേശ് ചെന്നിത്തല ശക്തമായി നിലകൊള്ളുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ബാലകൃഷ്ണന് പുറമെ ആലുവ എം.എൽ.എ അൻവർ സാദത്തിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് ചെന്നിത്തല പാർട്ടി നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.



