തോൽവിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം….. ‘ഭരണാധികാരി നക്ഷത്രമാകരുത്’

​​കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിൽ ആഭ്യന്തര കലഹവും തിരുത്തൽവാദവും ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഭരണ നേതൃത്വവും പാർട്ടി നേതൃത്വവും ഒരുപോലെ പരാജയപ്പെട്ടു എന്ന വിലയിരുത്തലിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ എത്തിയത്.കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും ജനങ്ങൾ എപ്പോഴും ലാളിത്യമാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തിൽ നേതാക്കൾ ഓർമ്മിപ്പിച്ചു. ഭരണാധികാരി ഒരു ‘നക്ഷത്രമാണെന്നും’ തങ്ങൾ മണ്ണിൽ നിന്നും നോക്കി കാണേണ്ടവരാണ് എന്നുമുളള ഒരവസ്ഥ ജനങ്ങൾക്കുണ്ടാക്കരുതെന്ന് ജില്ലാ കമ്മിറ്റിയിൽ ശക്തമായ നിർദേശമുയർന്നു. പാർട്ടി നേതാക്കൾ ജനങ്ങളിൽ നിന്നും അകന്നുപോയെന്ന പ്രതീതി പൊതുസമൂഹത്തിൽ ഉണ്ടായതായും യോഗം വിലയിരുത്തി.മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നടത്തിയ പല പ്രസ്താവനകളും ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും അത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും വിമർശനമുയർന്നു. ചില നേതാക്കൾ തെറ്റായ ശൈലി പിന്തുടർന്നപ്പോൾ അത് തിരുത്താൻ പാർട്ടി തയ്യാറായില്ല. ​വെളളാപ്പളളി നടേശൻ നടത്തിയ വർഗീയ പ്രസ്താവനകളെ ശക്തമായി തളളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതും അദ്ദേഹത്തിന്റെ മൗനവും സർക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കി. ഇത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്നും അകലാൻ കാരണമാക്കിയെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ കുറ്റപ്പെടുത്തലുണ്ടായി.തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകണമെന്ന് സംസ്ഥാന സമിതി യോഗത്തിലും ആവശ്യമുയർന്നിട്ടുണ്ട്. തിരുത്തൽ എന്നത് ഏതെങ്കിലും ഒരു തലത്തിലോ, വ്യക്തിയിലോ, നിലപാടിലോ മാത്രം ഒതുക്കേണ്ടതല്ല. സംഘടന പരമായി എല്ലാ തലത്തിലും ഗുരുതരമായ വീഴ്ച്ചകളുണ്ടായിട്ടുണ്ട്. ജനങ്ങൾക്ക് മനസിലാകാത്ത വിശദീകരണങ്ങളും വാദങ്ങളും ഉയർത്തി മുന്നോട്ടുപോയാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് പരാജയമെന്ന് നേതാക്കൾ തുറന്നടിച്ചു.

Related Articles

Back to top button