‘അവരുടെ സർക്കാർ പെട്രോൾ വില കൂട്ടിയത് അവർ അറിഞ്ഞില്ലേ?’….. മഹിളാ മോർച്ച പ്രതിഷേധത്തെ പരിഹസിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപേ കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് നിയുക്ത എംഎൽഎയുമായ കെ. മുരളീധരൻ. യുഡിഎഫ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ അധികാരത്തിൽ വരണമെന്ന പ്രാഥമിക അറിവ് പോലും പ്രതിഷേധക്കാർക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

“ഒരു സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നേ തന്നെ മുറവിളി തുടങ്ങിയിരിക്കുന്നു. സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? ഈ രാജ്യത്തല്ലേ ഇവർ താമസിക്കുന്നത്?” – മുരളീധരൻ പരിഹസിച്ചു. പുതിയ മന്ത്രിസഭ യോഗം ചേർന്നാൽ മാത്രമേ വാഗ്ദാനങ്ങൾ നടപ്പിലാക്കാനാവൂ എന്ന വസ്തുത അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ധനവില വർധനവ് രാജ്യത്തെ സാധാരണക്കാരെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വില ഇടിയാൻ നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണമായെന്നും അദ്ദേഹം വിമർശിച്ചു. യുദ്ധത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ ഖജനാവ് ശൂന്യമാണെന്ന് സൂചിപ്പിച്ച മുരളീധരൻ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാമ്പത്തിക പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി. പിണറായി സർക്കാരിന് നൽകിയ വിഹിതം പോലും കേന്ദ്രം യുഡിഎഫ് സർക്കാരിന് നൽകില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Related Articles

Back to top button