കട കുത്തിത്തുറന്ന മോഷണം… മൂന്ന് പ്രതികളെയും പൊക്കി നൂറനാട് പോലീസ്

നൂറനാട്: ചാരുംമൂട് ജംങ്‌ഷന് സമീപം തുണിക്കട കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നംഗ സംഘത്തെ നൂറനാട് പോലീസ് പിടികൂടി. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ മോഷ്ടാക്കളുൾപ്പെടെയുള്ള സംഘം പോലീസിന്റെ വലയിലായത്. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 12-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുംമൂട് ജംങ്‌ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ ഏകദേശം 60,000 രൂപ വിലവരുന്ന തുണികളാണ് അപഹരിച്ചത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ ഇവരെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. അറസ്റ്റിലായ പ്രതികൾ മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.

നൂറനാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, സുരേഷ് ബാബു, എ.എസ് റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button