വൈറ്റില ഹബ്ബിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം; വടിവാൾ ആക്രമണത്തിൽ..

വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘അതുല്യ’ ബസിലെയും ചേർത്തല-കലൂർ റൂട്ടിലെ ‘സുൽത്താൻ’ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്.

പാർക്കിങ്ങിനെയും സർവീസ് സമയക്രമത്തെച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തേ മുതൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി സുൽത്താൻ ബസിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണം നടത്തിയയാൾ അസഭ്യം പറഞ്ഞതായും സുൽത്താൻ ബസിലെ ജീവനക്കാർ ആരോപിച്ചു. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായതിനാൽ പ്രതിക്കെതിരെ ആംസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button