ശ്വേത മേനോൻ മോദി ഭക്തയെന്ന് ബിജെപി, പക്ഷേ ബിജെപിക്കാരിയല്ല…

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടാനാലില്ലെന്ന് വ്യക്തമാക്കി ബിജെപി. അമ്മയുടെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടാനില്ലെന്ന് സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. ബിജെപിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. സിനിമ മേഖലയിൽ ബിജെപി ഇടപെടൽ എന്ന വാർത്ത വരുന്നു. ഇത് ശരിയല്ല. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.
സിനിമയിൽ നിന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ കിട്ടിയേനെ. പക്ഷേ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബിജെപിയിൽ വന്നത്. ശ്വേത മേനോൻ ബിജെപി പ്രതിനിധി അല്ല. ശ്വേതാ മേനോൻ ദേശീയ വാദിയാണ്, മോദി ഭക്തയാണ്. പക്ഷേ ബിജെപിക്കാരിയല്ല. ഇന്നസെന്‍റ് അമ്മ പ്രസിഡന്‍റ് ആയപ്പോൾ സിപിഎം അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല. രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. ഞങ്ങൾ മാന്യത പാലിച്ചിട്ടുണ്ടെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.



