ഇന്ധന പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വെട്ടിക്കുറച്ചു….. ഇനി കൂട്ടിന് ഒരു വാഹനം മാത്രം

രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് വിപ്ലവകരമായ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും വാഹനവ്യൂഹങ്ങളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ഒരു അകമ്പടി വാഹനം മാത്രമായി ചുരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ജാമ്മർ വാഹനവും വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം 14-ൽ നിന്ന് നാലായി കുറച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക വാഹനവ്യൂഹങ്ങളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ (EV) ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ എസ്പിജി ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വാഹനവ്യൂഹങ്ങൾ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.



