വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് ദേശീയ അംഗീകാരം…. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (PGI) കേരളത്തിന് തിളക്കമാർന്ന നേട്ടം. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ വർഷം ‘പ്രചേസ്ത-3’ (2023-24) വിഭാഗത്തിലായിരുന്ന കേരളം, പുതിയ റിപ്പോർട്ട് പ്രകാരം ഉയർന്ന ഗ്രേഡായ ‘പ്രചേസ്ത-2’ (2024-25) വിഭാഗത്തിലേക്ക് മുന്നേറി. കേരളത്തിന്റെ പിജിഐ സ്കോർ 594.2-ൽ നിന്ന് 687.7 ആയി ഉയർന്നു. വെറും ഒരു വർഷത്തിനുള്ളിൽ 93.5 പോയിന്റിന്റെ ശ്രദ്ധേയമായ വർദ്ധനവാണ് സംസ്ഥാനം കൈവരിച്ചത്. പഞ്ചാബ്, ചണ്ഡീഗഡ് തുടങ്ങിയ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനം.
പൊതുവിദ്യാഭ്യാസ മേഖലയിലെ പഠനനിലവാരം മെച്ചപ്പെടുത്തിയതും അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നടത്തിയ വിപ്ലവകരമായ ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കാതെ തന്നെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ ഈ വിജയം കൈവരിക്കാൻ സാധിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



