തമിഴ്‌നാട്ടിൽ ദാരുണ അപകടം…. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി ആറുമരണം…. മരിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂർ വെള്ളകോവിലിൽ അമിതവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. മരിച്ചവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറി അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പോലീസുകാരും ലോറി ഡ്രൈവറും. ഈ സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. പോലീസ് ഉദ്യോഗസ്ഥനെയും ലോറി ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷം കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കാർ യാത്രക്കാരായ നാലുപേരും, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും, ലോറി ഡ്രൈവറുമാണ് മരണപ്പെട്ടത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button