പുന്നപ്പുഴയുടെ കയത്തിൽ നിന്ന് രണ്ട് ജീവനുകൾ തിരികെ പിടിച്ചു…. അതിസാഹസിക രക്ഷാപ്രവർത്തനവുമായി 11-കാരൻ അമൽ ഷാൻ

മരണത്തിന്റെ ചുഴിയിൽ നിന്ന് തന്റെ പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തി ഒരു പതിനൊന്നുകാരൻ. മലപ്പുറം വഴിക്കടവ് സ്വദേശി അമൽ ഷാനാണ് പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ മുങ്ങിത്താഴുകയായിരുന്ന എട്ടു വയസ്സുകാരൻ ഷെബിൻ ഷാനെയും വല്യുപ്പ അബൂബക്കറിനെയും രക്ഷിച്ച് നാടിന്റെ ഹീറോയായത്.

ബന്ധുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തിക്കുളിക്കുന്നതിനിടെ ഷെബിൻ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വല്യുപ്പ അബൂബക്കറും ശക്തമായ ചുഴിയിൽപ്പെട്ടു. സാഹചര്യം കൈവിട്ടുപോകുമെന്ന് കണ്ടതോടെ അമൽ ഷാൻ പുഴയിലേക്ക് എടുത്തുചാടി. ഷെബിനെ അതിസാഹസികമായി കരയ്ക്കെത്തിച്ച ശേഷം ഉടൻ തന്നെ വല്യുപ്പയെയും കരയിലേക്ക് പിടിച്ചുയർത്തി.

വെറും രക്ഷാപ്രവർത്തനത്തിൽ ഒതുങ്ങിയില്ല അമലിന്റെ വിവേകം. കരയിലെത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന ഷെബിന് അമൽ ഉടനടി സി.പി.ആർ (CPR) നൽകി. അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് ഈ നിർണ്ണായക ഘട്ടത്തിൽ തനിക്ക് തുണയായതെന്ന് അമൽ ഷാൻ പറഞ്ഞു. രണ്ടാൾ താഴ്ചയുള്ള പമ്പ് ഹൗസ് പരിസരത്തെ അപകടമേഖലയിൽ നിന്നാണ് യാതൊരു പരിഭ്രമവുമില്ലാതെ അമൽ ഇവരെ രക്ഷിച്ചത്. അഞ്ചാം ക്ലാസുകാരന്റെ ഈ ധീരതയ്ക്കും ബുദ്ധിശക്തിക്കും സോഷ്യൽ മീഡിയയിലടക്കം വലിയ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button