“തീരുമാനം 24 മണിക്കൂറിനുള്ളിൽ…. പരിഗണിക്കുന്നത് എംഎൽഎമാരുടെ എണ്ണം മാത്രമല്ല”…. മുഖ്യമന്ത്രി കസേരയിൽ മുരളീധരന്റെ നിരീക്ഷണം

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ താനില്ലെന്നും എന്നാൽ ജനവികാരം എന്താണെന്ന് രാഹുൽ ഗാന്ധിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എം.എൽ.എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാന ഘടകം. ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കും. എണ്ണം മാത്രമാണ് മാനദണ്ഡമെങ്കിൽ പ്രഖ്യാപനം എപ്പോഴേ നടക്കുമായിരുന്നു. കോൺഗ്രസ് തീരുമാനിക്കുന്നത് സ്വന്തം മുഖ്യമന്ത്രിയെയല്ല, യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെയാണ്,” – മുരളീധരൻ വ്യക്തമാക്കി. ഭരണമാറ്റം വേഗത്തിലുണ്ടാകണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മുഖ്യമന്ത്രി ചർച്ചകൾക്കിടെ സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമല്ലെന്നും ആസൂത്രിതമാണെന്നും ചൂണ്ടിക്കാട്ടി ചില മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ സമീപിച്ചു. പ്രതിഷേധങ്ങൾ പെട്ടെന്ന് ‘സ്വിച്ചിട്ടപോലെ’ നിന്നത് ഇതിന് തെളിവാണെന്ന് അവർ വാദിക്കുന്നു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഒരു വിഭാഗം നേതാക്കൾ ബോധപൂർവ്വം നടത്തിയ നീക്കമാണിതെന്നാണ് നേതാക്കൾ ഹൈക്കമാൻഡിന് നൽകിയിരിക്കുന്ന വിവരം.സംസ്ഥാനത്തെ ജനകീയ പ്രതിഷേധമല്ല ഇതെന്നും മറിച്ച് ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് കൂടുതൽ ജാഗ്രതയോടെയുള്ള ചർച്ചകളിലേക്കാണ് കടക്കുന്നത്.



