കെസിഎൽ മൂന്നാം സീസണിന് കാഹളം മുഴക്കി ആലപ്പി റിപ്പിൾസ്…

ആലപ്പുഴ: സംഗീതത്തിന്റെ താളവും ക്രിക്കറ്റിന്റെ ആവേശവും ഒത്തുചേർന്ന സായാഹ്നത്തിൽ കെസിഎൽ മൂന്നാം സീസണിലേക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ട് ആലപ്പി റിപ്പിൾസ്. പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും ഡിജെ റിക്കി ബ്രൗണിന്റെ സംഗീതവും അരങ്ങേറിയ ചടങ്ങിൽ ചലച്ചിത്ര താരം നരേൻ പുതിയ ജേഴ്സി പ്രകാശനവും ടീം ലോഞ്ചും നിർവഹിച്ചു.
ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് ആരാധകരെ ആവേശത്തിലാഴ്ത്തി. പാട്ടും താളവും ക്രിക്കറ്റ് ആവേശവും ഒത്തുചേർന്നതോടെ പ്രഖ്യാപന വേദി ആഘോഷരാവായി മാറി. തീരദേശത്തിന്റെ ഊർജവും രാജകീയ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ടീമിന്റെ പുതിയ ജേഴ്സി. ഡാർക്ക് പർപ്പിൾ നിറത്തിൽ പൊൻനിറത്തിലുള്ള വരകളാണ് ജേഴ്സിയുടെ പ്രത്യേകത. ക്രിക്കറ്റിലെ തീവ്രതയും രാജകീയ ഗാംഭീര്യവും പർപ്പിൾ നിറം പ്രതിനിധീകരിക്കുമ്പോൾ, കിരീടനേട്ടത്തിനായുള്ള ലക്ഷ്യത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകമാണ് ഗോൾഡൻ നിറം. ആലപ്പിയുടെ ജലതരംഗങ്ങളെ ഓർമിപ്പിക്കുന്ന ജേഴ്സിയിലെ വരകൾ ടീമിന്റെ പടർന്നുപന്തലിക്കുന്ന ആവേശത്തെയും സൂചിപ്പിക്കുന്നു.
ആലപ്പി റിപ്പിൾസിന് മികച്ച മുന്നേറ്റം നടത്താനാകട്ടെയെന്ന് ആശംസിച്ച നടൻ നരേൻ ടീമിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. നരേനും ടീം ഉടമ ടി.എസ്. കലാധരനും ചേർന്ന് ആലപ്പി റിപ്പിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റും ലോഞ്ച് ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരമായ സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ വൈസ് ക്യാപ്റ്റനാകും. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് മുഖ്യപരിശീലകൻ. മുൻ താരം കെ.എസ്. മോനിഷും ഫർസീൻ അഹമ്മദും സഹപരിശീലകരായുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യനാണ് ഫീൽഡിങ് കോച്ച്. രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ വിനീത് കുമാറും ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാകും.




