ലീഗ് പിന്തുണ വലിയ രക്ഷാകവചമായി…. അമ്പലപ്പുഴയിലെ ‘സുധാകര തരംഗം’…. പാണക്കാട്ടെത്തി നന്ദി പറഞ്ഞ് ജി. സുധാകരൻ

മലപ്പുറം: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് നേതൃത്വത്തിന് നന്ദി അറിയിക്കാൻ ജി. സുധാകരൻ പാണക്കാട്ടെത്തി. പാണക്കാട് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ച അദ്ദേഹം, തന്റെ വിജയത്തിൽ ലീഗ് നേതൃത്വം നൽകിയ പിന്തുണ നിർണ്ണായകമായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അമ്പലപ്പുഴയിലെ 195 ബൂത്തുകളിൽ 72 എണ്ണവും മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നു. ഈ ബൂത്തുകളിൽ 60 മുതൽ 95 ശതമാനം വരെ വോട്ടുകൾ തനിക്ക് സമാഹരിക്കാൻ സാധിച്ചുവെന്ന് സുധാകരൻ വ്യക്തമാക്കി. മണ്ഡലത്തിൽ 28,000-ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാനുണ്ടായ പ്രധാന കാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും ആ ജനവിഭാഗം തന്നെ ഹൃദയപൂർവ്വം സ്വീകരിച്ചത് അവരുടെ മതനിരപേക്ഷ നിലപാടിന്റെ തെളിവാണെന്ന് സുധാകരൻ പറഞ്ഞു. യു.ഡി.എഫും കോൺഗ്രസും മുസ്ലിം ലീഗും നൽകിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഇതെന്നും സുധാകരൻ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ചിലവിന്റെ 80 ശതമാനവും വഹിച്ചത് കോൺഗ്രസ് ആണ്. പോസ്റ്റർ ഒട്ടിക്കാൻ പോലും ആരെയും പ്രത്യേകം ഏൽപ്പിക്കേണ്ടി വരാത്ത വിധം പ്രവർത്തകർ ആവേശത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ സന്ദർശനം വ്യക്തിപരമാണെന്നും കണ്ണൂരിലെ രാഷ്ട്രീയ മാറ്റങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Related Articles

Back to top button