കാണാതായ പ്ലസ് ടു വിദ്യാർഥിക്കായി പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കുട്ടിയെ കാണാതായിട്ട് ഒൻപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കണ്ണൂർ കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പലതവണ പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശിവസൂര്യ വീട്ടിൽനിന്ന് പോയത്. ഇതിന് ശേഷമുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് അടുത്ത പ്രധാന ഇതര സംസ്ഥാന നഗരമായ മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തലശ്ശേരി എസ്.പി.യുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും കുട്ടി പോയ വഴിയെക്കുറിച്ച് സൂചന ലഭിച്ചില്ല. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പൊലീസ് സ്റ്റേഷനിലും എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും എടുത്ത് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ശിവസൂര്യ വീടുവിട്ടത്. അമിതമായ മൊബൈൽ ഗെയിം ഉപയോഗം തടഞ്ഞതിന് പിന്നാലെയായിരുന്നു കുട്ടിയുടെ തിരോധാനം.




