രാഹുലിന്റെ ‘ഗ്യാരണ്ടി’ കെഎസ്ആർടിസിക്ക് താങ്ങുമോ?…. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാൻ മാസം 90 കോടി വേണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ‘ഗ്യാരണ്ടി’ പദ്ധതികളിൽ പ്രധാനമായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പുതിയ സർക്കാരിന് വലിയ സാമ്പത്തിക വെല്ലുവിളിയാകുന്നു. പദ്ധതി നടപ്പാക്കണമെങ്കിൽ കെഎസ്ആർടിസിക്ക് സർക്കാർ പ്രതിമാസം 90 കോടി രൂപയോളം അധികമായി നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

കെഎസ്ആർടിസിയുടെ പ്രാഥമിക നിഗമനമനുസരിച്ച് യാത്രക്കാരിൽ 55 മുതൽ 60 ശതമാനം വരെ സ്ത്രീകളാണ്. എല്ലാ തരം ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ മാസം 90 കോടി രൂപയുടെ ബാധ്യതയുണ്ടാകും. എന്നാൽ ഇത് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ തുക 60 കോടിയായി കുറയും. ടിക്കറ്റ് മെഷീനുകളിൽ ലിംഗവ്യത്യാസം രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. നിലവിൽ പ്രതിദിനം ശരാശരി 21 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. ഏകദേശം 8 കോടി രൂപയാണ് ദിവസേനയുള്ള ടിക്കറ്റ് വരുമാനം. ഇതിന്റെ പകുതിയോളം തുക ഡീസൽ അടിക്കാൻ തന്നെ വേണം. സൗജന്യ യാത്ര നടപ്പിലാക്കുന്നതോടെ ദിവസ വരുമാനത്തിൽ കുറഞ്ഞത് 3 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നാണ് ആശങ്ക.

നിലവിൽ തന്നെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടുന്ന അവസ്ഥയിലാണ് കെഎസ്ആർടിസി. മാസം തോറും ശമ്പളത്തിനായി 80 കോടി രൂപ വേണമെന്നിരിക്കെ ഖജനാവിൽ നിന്ന് 50 കോടി രൂപ അനുവദിച്ചാണ് നിലവിൽ മുന്നോട്ട് പോകുന്നത്. ഇതിന് പുറമെയാണ് പെൻഷൻ കുടിശ്ശികയും വായ്പാ തിരിച്ചടവും വലിയ ബാധ്യതയായി നിൽക്കുന്നത്. ഗ്യാരണ്ടി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നിരിക്കെ, ഈ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നത് പുതിയ സർക്കാരിന് മുന്നിലുള്ള വലിയ ചോദ്യചിഹ്നമാണ്.

Related Articles

Back to top button