‘കെ സിയെ മുഖ്യമന്ത്രിയാക്കണം’, കർണാടക വഴി ലീഗിന് മേൽ സമ്മർദ്ദം; പാണക്കാട്ടെത്തി ന്യൂനപക്ഷ ക്ഷേമ മന്ത്രി

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോൺഗ്രസ് നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കുന്ന മുസ്ലീംലീഗിന് മേൽ കർണാടക വഴി സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് മുസ്ലീം ലീഗിനെ അനുനയിപ്പിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വഴി ഓപ്പറേഷൻ നടത്തിയതായാണ് വിവരം. സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കെ സി വേണുഗോപാൽ.
ലീഗിനെ അനുനയിപ്പിച്ച് കെ സി വേണുഗോപാലിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പാണക്കാട് നേരിട്ടെത്തി ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കർണാടക നിയമസഭയിൽ ലീഗിന് പ്രാതിനിധ്യം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കർണാടക നിയമസഭയിൽ ബംഗളൂരു കെഎംസിസിയുടെ നേതൃപദവിയിൽ നിന്നൊരാളെ എംഎൽസിയാക്കാമെന്നാണ് വാഗ്ദാനം.
തുടക്കം മുതൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ലീഗിന്റെ ആവശ്യം. ലീഗിന്റെ പിന്തുണ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ. യുഡിഎഫ് ഘടകകക്ഷികളിൽ രണ്ടാം സ്ഥാനത്തുള്ള ലീഗിന്റെ പിന്തുണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ സഹായകമാകുമെന്നാണ് സതീശൻ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലീഗിനെ തനിക്കൊപ്പം നിർത്താൻ സിദ്ധരാമയ്യ വഴി കെ സി വേണുഗോപാൽ ഓപ്പറേഷൻ നടത്തിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചർച്ചകളിലും കെ സി വേണുഗോപാൽ തന്നെയാണ് മുന്നിലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദവി ചർച്ചകൾ ഹൈക്കമാൻഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുൻ അധ്യക്ഷന്മാരേയും വർക്കിങ് പ്രസിഡന്റുമാരേയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരൻ, വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പളളി രാമചന്ദ്രൻ, എം എം ഹസൻ എന്നി കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവിൽ കെ സി വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.



