നിയമസഭാ നടപടികൾ ഡിജിറ്റലിലേക്ക്; അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പും

നിയമസഭയിൽ ഒരം​ഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ ഇനി കൈ ഉയർത്തിക്കാട്ടേണ്ട. അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പ് വരുന്നു. സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലാക്കുകയാണ്. ഓരോഅംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു, അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും. ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക. എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.

സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷംമുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല. പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചു.

മന്ത്രിമാരടക്കം അംഗങ്ങൾക്കുള്ള രേഖകളും റിപ്പോർട്ടുകളും കവറിലാക്കി അവരവരുടെ താമസസ്ഥലത്ത് എത്തിക്കുന്നത് ഒന്നോരണ്ടോ സമ്മേളനത്തിനുശേഷം ഒഴിവാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽദിവസം സമ്മേളനംനടക്കുന്ന കേരളനിയമസഭയിൽ അച്ചടി ഒഴിവാകുന്നതോടെ ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. മൊഡ്യൂളുകൾ രണ്ടുതവണ സഭയിൽ പരീക്ഷിച്ചു.

ചോദ്യോത്തരവേളയിൽ ആരുടെ ചോദ്യം എപ്പോൾ ചോദിക്കുമെന്ന് ഓൺലൈനായി നേരത്തേ അറിയാം. ഒരുചോദ്യം അപ്‌ലോഡ് ചെയ്യുമ്പോൾ ആ വിഷയത്തിൽ മുൻസഭകളിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും കാണാനാകും. വോട്ടെടുപ്പ് പൂർണമായും ഡിജിറ്റലാകും.

എം.എൽ.എ.മാരുടെ ചോദ്യങ്ങൾ ആരൊക്കെ കൈകാര്യംചെയ്തു തുടങ്ങിയ വിവരം അംഗങ്ങൾക്ക് കിട്ടും. നടപടിവിവരം അംഗങ്ങൾക്കും പാർലമെന്ററി പാർട്ടി നേതാക്കൾക്കും നേരിട്ട് ലഭിക്കും. സഭാനടപടികളുടെ ഷെഡ്യൂൾ, സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ, ചർച്ചയിൽ സംസാരിക്കുന്നവർ ആരൊക്കെ തുടങ്ങിയവ മാധ്യമപ്രവർത്തകർക്കും അച്ചടിച്ചും വാട്‌സാപ്പിലും ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ നയപ്രഖ്യാപനം, ബജറ്റ് പ്രസംഗം, റിപ്പോർട്ട് തുടങ്ങിയവ പരിമിതമായേ അച്ചടിക്കുന്നുള്ളൂ.

Related Articles

Back to top button