വിനോദയാത്രയ്ക്ക് പോകാനിറങ്ങി, നോക്കിയപ്പോൾ സ്വർണമില്ല…. ഗുരുവായൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച…. മോഷ്ടാവ് സിസിടിവിയിൽ

തൃശ്ശൂർ: ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. അരിയന്നൂർ പോക്കാക്കില്ലത്ത് ഡോ. അബൂബക്കറിന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. വീടിന്റെ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 8-ന് പുലർച്ചെയാണ് കവർച്ച നടന്നതെന്നാണ് സൂചന. വീടിന്റെ മുകൾ നിലയിലൂടെ അകത്തുകടന്ന മോഷ്ടാവ് അലമാര തുറന്ന് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാനായി സ്വർണമെടുക്കാൻ നോക്കിയപ്പോഴാണ് ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ മോഷണവിവരം അറിയുന്നത്. രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ എന്നിവയാണ് നഷ്ടപ്പെട്ട ആഭരണങ്ങൾ. എന്നാൽ സ്വർണത്തിനൊപ്പമുണ്ടായിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളൊന്നും മോഷ്ടാവ് തൊട്ടിട്ടില്ല.
വീടിനുള്ളിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. വിദഗ്ധനായ മോഷ്ടാവാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.



