100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്… മന്ത്രി സഞ്ജീവ് അറോറ അറസ്റ്റിൽ

ഏകദേശം 20 ഓളം വാഹനങ്ങളിലായെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ജീവ് അറോറയുടെ വസതിയിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ലുധിയാന വെസ്റ്റിൽ നിന്നുള്ള എംഎൽഎയും പഞ്ചാബ് കാബിനറ്റിലെ പ്രമുഖനുമാണ് ഇദ്ദേഹം. സഞ്ജീവ് അറോറയുടെ ഉടമസ്ഥതയിലുള്ള കമ്പനി വഴി 100 കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വാങ്ങിയതായി വ്യാജ ജിഎസ്ടി ബില്ലുകൾ നിർമ്മിച്ചു എന്നതാണ് പ്രധാന കണ്ടെത്തൽ.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിലവിലില്ലാത്ത (Non-existent) കമ്പനികളുടെ പേരിൽ ബില്ലുകൾ ഉണ്ടാക്കി സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ഇൻപുട്ട് ടാക്സ് ക്രെഡിറ്റായും ജിഎസ്ടി റീഫണ്ടായും തട്ടിയെടുത്തു. വ്യാജ കയറ്റുമതി രേഖകൾ ഉപയോഗിച്ച് ദുബായിൽ നിന്ന് പണം ഇന്ത്യയിലേക്ക് എത്തിച്ചു (Round-tripping). ഈ തുക വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചതായും ഇ ഡി ആരോപിക്കുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്നും സഞ്ജയ് സിംഗും ആരോപിച്ചു. ഇതിന് മുൻപും റെയ്ഡുകൾ നടത്തിയിട്ടും ഒന്നും കണ്ടെത്താൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

സഞ്ജീവ് അറോറയുടെ അറസ്റ്റിലൂടെ എഎപി സർക്കാരിന്റെ അഴിമതി മുഖം വെളിപ്പെട്ടതായി കോൺഗ്രസും ബിജെപിയും പ്രതികരിച്ചു. സഞ്ജീവ് അറോറയെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും നാളെ പ്രത്യേക പിഎംഎൽഎ (PMLA) കോടതിയിൽ ഹാജരാക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button