യുവാവിന്റെ മൂക്കിടിച്ച് പൊട്ടിച്ച സംഭവം…പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ….

കായംകുളം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്റെ മൂക്കിടിച്ച് പൊട്ടിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ. ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ പൂമുറ്റത്ത് വീട്ടിൽ ആനന്ദ് രാജ് (50) ആണ് പിടിയിലായത്. ഒന്നാം തീയതി വൈകിട്ട് 6.30 ഓടെ പ്രയാർ അക്കരത്തറ ജങ്ഷനിൽ വെച്ചായിരുന്നു സംഭവം. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പ്രതിയുടെ ബൈക്ക് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനാണ് പ്രയാർ വടക്ക് സ്വദേശിയായ യുവാവിനെ പ്രതി ഹെൽമെറ്റ് ഊരി മൂക്കിന് ഇടിച്ചത്.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിന് ശേഷം പ്രതിയെ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടുത്തി ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തുകൊടുത്തതിനാണ് ആനന്ദ് രാജിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ആനന്ദ് രാജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.



