“ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം”….. ലീഗിനും സിപിഐക്കും എതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമായിരിക്കെയാണ് വെള്ളാപ്പള്ളി നടേശൻ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ആലപ്പുഴ സ്വദേശികളായ നേതാക്കൾക്ക് അദ്ദേഹം മുൻഗണന നൽകി. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് വരണമെന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുസ്ലിം ലീഗ് സ്വീകരിക്കുന്ന പരസ്യ നിലപാടുകൾ ശരിയല്ലെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. ലീഗിന്റെ ഇത്തരം നിലപാടുകളാണ് കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിന്റെ തെറ്റായ നിലപാടുകളെ വിമർശിച്ച മാത്യു കുഴൽനാടന്റെ അനുഭവം ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, സത്യം പറയുന്നവരെ ലീഗ് വേട്ടയാടുകയാണെന്നും കുറ്റപ്പെടുത്തി. ലീഗിന് വിധേയപ്പെട്ട് നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യമെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ വിമർശിക്കുന്ന സിപിഐയുടെ നടപടിയെ വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞു. കൂടെ നിന്നുകൊണ്ട് ചതിച്ചവരാണ് സിപിഐക്കാരെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button