മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേരിന് നേരെ ‘ശൂന്യം’…. എഐസിസിക്ക് പരാതി നൽകി ഉദുമ എംഎൽഎ

കാസർകോട്: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിരീക്ഷകർ തയ്യാറാക്കിയ എംഎൽഎമാരുടെ പിന്തുണപ്പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ഉദുമ എംഎൽഎ കെ. നീലകണ്ഠൻ പ്രതിഷേധം അറിയിച്ചത്. പട്ടികയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട പട്ടികയിൽ ആദ്യപ്പേര് നീലകണ്ഠന്റേതാണെങ്കിലും അദ്ദേഹത്തിന്റെ ‘പ്രിഫറൻസ്’ കോളത്തിൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.
തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും നീലകണ്ഠൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന് അദ്ദേഹം മെയിൽ അയച്ചു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരുടെ വിവരങ്ങൾ പട്ടികയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയതാണോ എന്ന ആക്ഷേപം കോൺഗ്രസ് ക്യാമ്പുകളിൽ ശക്തമാണ്. നീലകണ്ഠൻ സതീശനെയാകാം പിന്തുണച്ചത് എന്ന അഭ്യൂഹങ്ങളും പടരുന്നുണ്ട്.
പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സന്ദീപ് വാര്യർ, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി. ഒ. മോഹനൻ, ഉഷ വിജയൻ എന്നിവർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് കാണുന്നത്. ഐ.സി. ബാലകൃഷ്ണൻ കെ.സി.യെയും ചെന്നിത്തലയെയും പിന്തുണയ്ക്കുന്നതായും പട്ടിക സൂചിപ്പിക്കുന്നു. നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും റിപ്പോർട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്തുണ്ടായ പരസ്യ പ്രകടനങ്ങൾ ഹൈക്കമാൻഡിനോടുള്ള വെല്ലുവിളിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.



